കാലചക്ര ഭ്രമണത്തിന്റെ അനിഷേധ്യമായ അനിവാര്യതയിലേക്ക് വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി കടന്നു വരികയാണ്. പിറവി തിരുനാള്‍ ഒരു ജനതയുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ്. ജീവിതം എന്നത് ആശയും നിരാശയും നിറഞ്ഞതാണ്. ഭൗതികമായ സമ്പത്തിന്‍റെ ഉള്ളയ്മയും ഇല്ലായ്മയുമാണ്. സ്നേഹവും വിദ്വേഷവും സമ്മിശ്രിതമാണെങ്കിലും ജീവിതം പൂര്‍ണമാക്കുന്നത് ഈ സംഘര്‍ഷങ്ങളില്‍ മാത്രമല്ല നാളയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളില്‍ ആണ്. അത്തരമൊരു പ്രതീക്ഷയുടെ പൊന്‍ താരകമാണ് പുല്‍കൂട്ടിലെ പൊന്നുണ്ണി. അനന്ത വിഹായസ്സില്‍ ജ്വലിച്ചു നില്‍കുന്ന തേജോ ബിന്ദുവില്‍ എത്തിച്ചേരാന്‍ നമുക്കാവില്ലെങ്കിലും നെടുവീര്‍പ്പടക്കിയും കണ്ണീര്‍ തുടച്ചും നമുക്കൊന്ന് പുഞ്ചിരി തൂകാം. ജീവിതത്തിന്‍റെ നിലനില്‍പ്പ് നിരാശ കളിലും നിഷേധങ്ങളിലുമല്ല, മറിച്ച് പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണ്. ആ കാത്തിരിപ്പിന്‍റെ പൂര്‍ത്തികരണമാണ് ക്രിസ്മസ്. നമുക്ക് കാത്തിരിക്കാം നമ്മുടെ ഹൃദയങ്ങളില്‍ ഒരു പുല്‍ക്കൂട് ഒരുക്കി ഉണ്ണിയുടെ പിറവിക്കായി.................
